ന്യൂയോർക്ക്: തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ജനുവരി നടന്നു കൊണ്ടിരിക്കുന്ന മഹാമാഘ കുംഭമേളയോടനുബന്ധിച്ചുള്ള അന്നദാന മഹായജ്ഞത്തിന് അഞ്ച് ലക്ഷം രൂപ സമർപ്പിച്ച് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക.
വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ആത്മാർഥമായ സഹകരണത്തിലൂടെയും വ്യക്തമായ ദർശനവും ദൃഢനിശ്ചയവുമുള്ള നേതൃത്വത്തിലൂടെയുമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ തുക സമാഹരിക്കാൻ സാധിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.
ഈ ദൗത്യത്തിൽ ആദ്യ ഘട്ടമായി അഞ്ച് ലക്ഷം രൂപ സമർപ്പിക്കാൻ കഴിഞ്ഞതിൽ കെഎച്ച്എൻഎ അഭിമാനിക്കുന്നതായും കൂടുതൽ സംഭാവനകൾ സമാഹരിച്ച് കൂടുതൽ അംഗങ്ങളെയും അനുഭാവികളെയും ഈ പുണ്യകർമത്തിൽ പങ്കാളികളാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും
മഹാമാഘ അന്നദാനം സനാതന ധർമ്മത്തിന്റെ സേവന പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഈ മഹാദൗത്യത്തിലേക്ക് ആദ്യ സമർപ്പണം നടത്താൻ കഴിഞ്ഞതിൽ കെഎച്ച്എൻഎയ്ക്ക് വലിയ അഭിമാനമുണ്ടെന്നും ട്രസ്റ്റി ബോർഡ് ചെയർപഴ്സൻ വനജ നായർ അഭിപ്രായപ്പെട്ടു.
ധർമ്മപരവും സാമൂഹികവുമായ എല്ലാ സേവന പ്രവർത്തനങ്ങൾക്കും കെഎച്ച്എൻഎ ശക്തമായ പിന്തുണ നൽകുമെന്നും ജനറൽ സെക്രട്ടറി സിനു നായർ അറിയിച്ചു. അന്നദാനം മഹാദാനം തന്നെയാണ്. ഈ പുണ്യകർമത്തിന്റെ ഭാഗമാകാൻ കൂടുതൽ പേർ മുന്നോട്ട് വരണം എന്ന് ട്രഷറർ അശോക് മേനോൻ അഭ്യർഥിച്ചു.
കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇത്തരം ധാർമ്മിക പ്രവർത്തനങ്ങൾ സമൂഹത്തിൽ ദീർഘകാല മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാമാഘവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുമായി ചേർന്ന് കെഎച്ച്എൻഎ സംഘടിപ്പിച്ച വെബിനാറിലാണ് അന്നദാന പദ്ധതിയിലെ സംഘടനയുടെ പങ്കാളിത്തവും ആദ്യ സംഭാവനയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.